തൊടുപുഴ: ശബരി റെയില്‍വേ നിര്‍മാണത്തിന് കല്ലിട്ടു തിരിച്ച സ്ഥലങ്ങളുടെ വില വേഗത്തില്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥല ഉടമകളുടെ പ്രതിനിധികള്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് നിവേദനം നല്കി. 28 വര്‍ഷം മുന്‍പ് പദ്ധതിയ്ക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങള്‍ വില്‍ക്കാനോ, ഈടുവച്ച് വായ്പ എടുക്കാനോ വീടു നിര്‍മിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പുറപ്പെടുവിച്ചെങ്കിലും സ്ഥലമെടുപ്പ് ഓഫീസുകള്‍ ആരംഭിക്കുന്നതിനും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുമുളള ഫയലില്‍ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഗതാഗത വികസനപദ്ധതിക്കായി സ്വന്തം കിടപ്പാടം പോലും സര്‍ക്കാരിന് നല്കാന് തയാറായവര്‍ക്കു നീതി ലഭ്യമാക്കാന്‍ എംഎല്‍എ ഇടപെടണമെന്നും മുഖ്യമന്ത്രിക്കു കത്ത് നല്‍കണമെന്നും സ്ഥലമുടമകള്‍ ആവശ്യപ്പെട്ടു .
ശബരി റെയില്‍വേ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ റെയില്‍വേ, റവന്യു വകുപ്പ്, ജില്ലാ കളക്ടര്‍മാര്‍ എന്നിവരെ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കണമെന്നും സ്ഥലമുടമകള്‍ ആവശ്യപ്പെട്ടു. യു.എന്‍. പ്രകാശ്, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയില്‍, നൈറ്റ്സി കുര്യാക്കോസ്, അനീഷ് കുമാര്‍ മാടത്താനിയില്‍, സണ്ണി തേക്കിലക്കാട്ടില്‍, ബെന്‍സണ്‍ ഈറ്റക്കുന്നേല്‍, സി.ജെ. കുര്യന് തുടങ്ങിയവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.